പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരില നട ശനിയാഴ്ച വൈകീട്ട് തുറക്കും. മണ്ഡല ഉത്സവത്തിനായി നട തുറക്കാനിരിക്കെ ശബരിമലയില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.
പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയില്ലെന്നാണ് നിഗമനം. എന്നാല്‍ പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ യുവതികള്‍ ദര്‍ശനത്തിന് എത്താനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാഹചര്യം ഉണ്ടായാല്‍ മാത്രം മുന്‍ വര്‍ഷത്തിന് സമാനമായി ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തുക എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്. വിധിയില്‍ വ്യക്തയില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സെക്രട്ടറിയേറ്റിനും. ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ഭിന്നഭിപ്രായമാണെന്നും സിപിഎം വിലയിരുത്തി.
2018 സെപ്റ്റംബര്‍ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ 2018 സെപ്റ്റംബര്‍ 28-ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ളത്.
വിധിയില്‍ അവ്യക്തയുണ്ടെന്നണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അറിയിച്ചിട്ടുള്ളത്. നിയമോപദേശം കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Sabarimala temple will open tomorrow- No prohibition order-women entry cpm stand