പത്തനംതിട്ട: ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടമുറികള്‍ ലേലത്തിലെടുക്കുന്നതില്‍ വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടമുറികള്‍ ലേലത്തിലെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. കണ്‍സ്യൂമര്‍ഫെഡ് വിചാരിച്ചാല്‍ എല്ലാം നടക്കും. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. ഇതെല്ലാം 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മണ്ഡലകാലത്തെ മുന്നൊരുക്കങ്ങള്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ എട്ടാംമാസത്തില്‍തന്നെ ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ഒരു കാരണവുമില്ലാത്തതിനാലാണ് ചിലര്‍ പ്രതിഷേധിക്കുന്നതെന്നും കടകംപള്ളി പ്രതികരിച്ചു. ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ വൈകിയെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ എരുമേലിയില്‍ കരിങ്കൊടി കാണിച്ചിരുന്നു.
ശബരിമലയിലെ കടമുറികളുടെ കുത്തകാവകാശത്തിനുള്ള ലേലത്തില്‍ പ്ലാപ്പള്ളി മുതല്‍ സന്നിധാനം വരെയുള്ള ഭൂരിഭാഗം കടമുറികളും ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നിരുന്നില്ല. കഴിഞ്ഞവര്‍ഷമുണ്ടായ നഷ്ടവും ഇത്തവണ ലേലംപിടിച്ചാല്‍ പകുതിപണവും ബാക്കി ബാങ്ക് ഗ്യാരന്റിയും നല്‍കണമെന്ന വ്യവസ്ഥയുമാണ് വ്യാപാരികളെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
Content Highlights: sabarimala shopping space auction; minister says if merchants not coming government will arrange all facilities