പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണകള്‍ക്കൊടുവിലായിരുന്നു പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശാനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. അതിന് പിന്നാലെ സംസ്ഥാനമാകെ കലാപ കലുഷിതമായി. പുനഃപരിശോധനാ ഹര്‍ജികളുടെ ഒരു നിരതന്നെ കോടതിയുടെ മുന്നിലെത്തി. സുപ്രധാനമായ പരമോന്നത വിധിയും ശബരിമല സ്ത്രീ പ്രവേശനത്തിന്റേയും നാള്‍ വഴിയിലൂടെ
- 1951 മെയ് 18: 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കരുതെന്ന് ആചാരം. 1951 മേയ് 18-ന് ഓദ്യോഗിക ഉത്തരവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിപ്പ് നല്‍കി
- 1952 നവംബര്‍ 24 - ബോര്‍ഡ് സെക്രട്ടറിയുടെ തീരുമാനം അംഗീകരിച്ച് - ക്ഷേത്രം വിളംബരമിറക്കി
- 1965- കേരള പൊതു ഹിന്ദു ആരാധ നാലയ പ്രവേശനാധികാരച്ചട്ട ത്തിലെ മൂന്ന് (ബി) പ്രകാരം വിലക്ക് നിയമപരമാക്കി
- 1969 ശബരിമല ദേവപ്രശ്‌നം . ഭഗവാന്‍ നെഷ്ഠിക ബ്രഹ്മചാരിയെന്ന് അതില്‍ പറഞ്ഞു. ആ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ യുവതീപ്രവേശം അരുതെന്ന് ബോര്‍ഡ്
- 1972 നവംബര്‍ 12- യുവതികള്‍ വരരുതെന്ന് ബോര്‍ഡ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി.
- 1986 മാര്‍ച്ച് എട്ട്- സന്നിധാനത്ത് സിനിമാ ചിത്രീകരണം യുവനടിമാര്‍ നൃത്തംചെയ്തതടക്കമുള്ള വിഷയങ്ങള്‍ റാന്നി കോടതിയില്‍ കേസായി. അനുമതി നല്‍കിയ ഓഫീസര്‍, നടിമാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ ശിക്ഷിച്ചു.
- 1991- യുവതി പ്രവേശം ഹൈക്കോടതി വിലക്കുന്നു.
- 1993- ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിക്ക് സന്നിധാനത്ത് ചോറൂണ് നടത്തി. ചടങ്ങില്‍ യുവതികള്‍ പങ്കെടുത്തത് ചിത്രം സഹിതം പുറത്തുവന്നതോടെ വിവാദം
- 2006 ജൂണ്‍ 26 - ശബരിമലയില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ദേവപ്രശ്‌നം. വിഗ്രഹത്തില്‍ സ്ത്രീ സ്പര്‍ശം ഉണ്ടായെന്ന വെളിപ്പെടുത്തല്‍. താനാണ് സ്പര്‍ശിച്ചതെന്ന് നടി ജയമാല. ഇതേ വര്‍ഷം ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍.
- 2007 നവംബര്‍ 13- യുവതി പ്രവേശം അനുവദിക്കാം എന്ന് കാട്ടി വി.എസ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
- 2008മാര്‍ച്ച് ഏഴ് - കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിച്ചു
- 2016 ഫെബ്രുവരി 5 - അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി, ആചാരം തുടരണമെന്ന നിലപാട് സ്വീകരിച്ചു.
- 2016 ഒക്ടോബര്‍ 13- കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നു
- 2018 സെപ്റ്റംബര്‍ 28- യുവതീപ്രവേശം അനുവദിച്ച് വിധി
- ഒക്ടോബര്‍ രണ്ട് -പന്തളത്ത് നാമജപഘോഷയാത്ര. ആചാരസംരക്ഷണത്തിന് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വേദിയായി.
- ഒക്ടോബര്‍ എട്ട്- യുവതീ പ്രവേശനം അനുവദിച്ച് വിധി. വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്‍.എസ്.എസ്. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.
- നവംബര്‍ ആറ്- ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് സംഘര്‍ഷം. യുവതി എന്ന് ധരിച്ച് 50 കഴിഞ്ഞ സ്ത്രീയെ തടഞ്ഞത് വിവാദം. പതിനെട്ടാം പടിയിലും പ്രതിഷേധം. ഈ കേസില്‍ പിന്നീട് കെ.സുരേന്ദ്രനെ പ്രതിയാക്കി.
- നവംബര്‍ 16- ശബരിമല നടതുറന്നു. കനത്ത സുരക്ഷ, മാധ്യമവിലക്ക്.
- നവംബര്‍ 18 - കെ. സുരേന്ദ്രന്‍ അറസ്റ്റില്‍. പിന്നീട് അദ്ദേഹത്തിന് എതിരെ 244 കേസുകള്‍.
- 2019 ജനുവരി ഒന്ന് - നവോത്ഥാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാമതില്‍.
- ജനുവരി രണ്ട് - ബിന്ദു, കനകദുര്‍ഗ എന്നിവര്‍ പോലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തി.
- ഫെബ്രുവരി ആറ്- സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ വാദം കേട്ടു. വിധി പറയാന്‍ മാറ്റി.
- നവംബര്‍ 14- പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി 10.30 ന് പ്രഖ്യാപിക്കും
Content Highlights: Sabarimala women entry-supreme court verdict-timelines