ശബരിമല സ്ത്രീ പ്രവേശനം: 2018ല്‍ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ പരിഗണിച്ച അഞ്ചു വിഷയങ്ങള്‍


2 min read
Read later
Print
Share

ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയം സുപ്രീം കോടതി മുമ്പാകെ വന്നപ്പോള്‍ പരിഗണിച്ച അഞ്ചു വിഷയങ്ങള്‍ ഇവയൊക്കെ.

1) ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വേര്‍തിരിവാണോ? ആണെങ്കില്‍ ഭരണഘടനയിലെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25, 26 വകുപ്പുകളില്‍ പറയുന്ന 'ധാര്‍മികത' എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ?

2) ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിര്‍ണയാവകാശത്തിന്റെ പേരില്‍ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?

3)അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കില്‍, നിയമപരമായി രൂപീകരിക്കപ്പെട്ട ബോര്‍ഡിനാല്‍ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്നാടിന്റെയും സഞ്ചിതനിധിയില്‍നിന്നു പണം ലഭിക്കുന്നതുമായ 'മതവിഭാഗ'ത്തിന് 14, 15(3), 39(എ), 51എ(ഇ) വകുപ്പുകളില്‍ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാര്‍മികതയും ലംഘിക്കാമോ?

4) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കാന്‍ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാല്‍ ഭരണഘടനയുടെ 14, 15(3) വകുപ്പുകള്‍ക്കു വിരുദ്ധമാവില്ലേ?

5) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?

ഇതെല്ലാം പരിശോധിച്ച് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണു പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാമെന്നു വിധിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, അവരോടു യോജിച്ചും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുത്തിയും ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും വിധിന്യായങ്ങളെഴുതുകയായിരുന്നു. എന്നാല്‍, മതവിശ്വാസത്തില്‍ കോടതി ഇടപെട്ടു തീര്‍പ്പ് കല്‍പിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണ് ഹര്‍ജിക്കാര്‍ എന്നതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വിധിച്ചു.

content highlights: sabarimala women entry verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram