ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാന്‍, ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങള്‍ ഇവ:
- അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല. അവര്‍ക്കു പ്രത്യേക മതസംഹിതയില്ല.
- വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവുമില്ല.
- ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.
- 3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാല്‍ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു.
- 25ാം വകുപ്പില്‍ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കല്‍പിക്കുന്ന ഇടുങ്ങിയ അര്‍ഥത്തിലല്ല കാണേണ്ടത്.
- ഭരണഘടനാ വകുപ്പില്‍ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങള്‍, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേര്‍തിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.
- വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.
- വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.
- വിലക്കിനു ചട്ടത്തിലൂടെ പിന്‍ബലം നല്‍കിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.
- 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനാനുമതി നല്‍കുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.
- വര്‍ഗ, വിഭാഗ വ്യത്യാസങ്ങള്‍ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.
- ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും പൊതു ആരാധനാ സ്ഥലങ്ങളില്‍ പ്രാര്‍ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകള്‍ വ്യക്തമാക്കുന്നത്.
content highlights: Sabarimala women entry