ന്യൂഡൽഹി: ശബരിമല വിഷയം വിശാല ബെഞ്ചിലേക്ക് വിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ യോജിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും ജസ്റ്റിസ് ഖന്‍വില്‍ക്കറും വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി.
ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാകര്‍മ്മം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയോടൊപ്പം ശബരിമല വിഷയവും വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ളതാണ് ഭൂരിപക്ഷ വിധി. എന്നാൽ ശബരിമല കേസിനോടൊപ്പം തന്നെ ദാവൂദി ബോറ കേസ് ടാഗ് ചെയ്യുന്നത് ശരിയല്ല എന്നാണ് ജസ്റ്റിസ് നരിമാന്‍ തന്റെ ഭിന്ന വിധിയില്‍ ഉള്‍പ്പെടുത്തിയത്.
ഭൂരിപക്ഷ വിധിക്കെതിരേ ജസ്റ്റിസ് നരിമാന്‍ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതി വിധിക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെതിരേയും നരിമാന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഒരു വിധി പ്രഖ്യാപിച്ചാല്‍ അതാണ് അന്തിമമെന്നും ആ വിധിയെ ധ്വംസിക്കാനുള്ള യാതൊരു ശ്രമങ്ങളും അനുവദിക്കില്ലെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി.
നേരത്തെയുള്ള വിധി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ ശബരിമല കേസിനോടൊപ്പം ദാവൂദി ബോറ വിഷയം പരിഗണിക്കുകയോ പരിശോധിക്കുകയോ കോടതി ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ ഈ വിഷയങ്ങളെല്ലാം ചേര്‍ത്തു കൊണ്ട് വിശാല ബെഞ്ചിന് വിടുന്നത് ശരിയല്ല എന്നാണ് നരിമാന്‍ പറഞ്ഞത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും നരിമാന്‍ കൂട്ടിച്ചേർത്തു.
2018ല്‍ സ്ത്രീ പ്രവേശനം അനുവദിച്ച് വിധിയില്‍ അനുകൂലിച്ച് കൊണ്ട് ഒപ്പു വെച്ചയാളാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍. നരിമാനും ചന്ദ്രചൂഡും വിശാല ബെഞ്ചിന് വിടുന്നതിനെ എതിത്തപ്പോള്‍ ഖാന്‍വില്‍ക്കര്‍ ഭൂരിപക്ഷ വിധിയോട് യോജിക്കുകയാണ് ചെയതതെന്നതും ശ്രദ്ധേയമാണ്.
content highlights: Sabarimala Verdict and Justice Nariman statement, Justice DY Chandrachood stand