സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ട് അന്ന് ജഡ്ജിമാര്‍ പറഞ്ഞത്


3 min read
Read later
Print
Share

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍:

 1. അയ്യപ്പന്‍മാര്‍ പ്രത്യേക വിശ്വാസിസമൂഹമല്ല. ഏത് ഹിന്ദുവിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ പോകാം. മറ്റ് അയ്യപ്പക്ഷേത്രങ്ങളിലൊന്നും വിലക്കില്ല. അതുകൊണ്ടുതന്നെ അയ്യപ്പന്‍മാര്‍ എന്നത് പ്രത്യേക വിശ്വാസിസമൂഹമല്ല. ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണ്. പ്രത്യേക വിശ്വാസം പുലര്‍ത്തുന്ന സമൂഹത്തിന്റേതല്ല. അവര്‍ ഹിന്ദുക്കള്‍ മാത്രമാണ്. ചില ആചാരങ്ങള്‍ കുറേക്കാലമായി അനുഷ്ഠിക്കുന്നു എന്നതുകൊണ്ട് പ്രത്യേക വിശ്വാസിസമൂഹമായി അയ്യപ്പന്‍മാരെ കാണാനാവില്ല.
 2. മതവിശ്വാസത്തിന് തുല്യ അവകാശം: മതവിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ലിംഗഭേദമില്ല. സ്ത്രീകളെ ഒഴിവാക്കുന്നത് അവര്‍ക്ക് അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള അവകാശം ലംഘിക്കലാണ്. അതിനാല്‍ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് സ്ത്രീകളുടെ അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്. മൗലികാവകാശ ലംഘനത്തിന്റെ പ്രശ്‌നംവരുമ്പോള്‍ ഭരണഘടനാ ധാര്‍മികതവെച്ചാണ് അളക്കേണ്ടത്. ഭരണഘടനാ ധാര്‍മികതയുമായി ചേര്‍ന്നുപോകുന്നതാവണം പൊതുധാര്‍മികത.
 3. സ്ത്രീവിലക്ക് അനിവാര്യമായ ആചാരമല്ല: മതത്തിന്റെ അവിഭാജ്യഘടകം എന്താണെന്ന് കണ്ടെത്തേണ്ടത് അതേ മതത്തിന്റെതന്നെ തത്ത്വസംഹിതകള്‍ അടിസ്ഥാനമാക്കിയാകണം എന്ന് ശിരൂര്‍ മഠവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബക്രീദിന് പശുവിനെ ബലികൊടുക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യമായ ആചാരമല്ലെന്ന് മുഹമ്മദ് ഖുറേശി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കി.
 4. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശബരിമലയിലെ സ്ത്രീവിലക്ക് അനിവാര്യമായ ആചാരമാണോയെന്ന് പരിശോധിക്കേണ്ടത്. അല്ല എന്നാണ് ഉത്തരം. എഴുതപ്പെട്ട രേഖകളുടെ അഭാവത്തില്‍ ശബരിമലയിലെ സ്ത്രീവിലക്ക് അനിവാര്യഘടകമാണെന്ന് കരുതാനാവില്ല. ശബരിമലയില്‍ സ്ത്രീകള്‍ പോയി ആരാധന നടത്തിയാല്‍ ഹിന്ദുമതത്തിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. അതിനാല്‍ വിലക്കിന് നിയമസാധുതയില്ല. അത് നിലനില്‍ക്കുകയുമില്ല.
 5. ആചാരങ്ങള്‍ക്ക് തുടര്‍ച്ചയില്ല: സ്ത്രീകള്‍ക്ക് വിലക്കുള്ളത് മണ്ഡലം, മകരവിളക്ക്, വിഷു ദിവസങ്ങളില്‍ മാത്രമാണെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എല്ലാമാസവും അഞ്ചു ദിവസങ്ങളില്‍ സ്ത്രീകള്‍ കുട്ടികളുടെ ചോറൂണിന് ശബരിമലയില്‍ പോകാറുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്ത്രീകളെ വിലക്കുന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനം വരുംമുമ്പ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ കുട്ടികളുടെ ചോറൂണിന് ശബരിമലയില്‍ പോകാറുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങും ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീവിലക്കിന് തുടര്‍ച്ചയില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അനിവാര്യമായ ആചാരവുമല്ല.
 6. ചട്ടം നിയമത്തിന് എതിര്: ആര്‍ത്തവസമയത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നതിന് നിദാനമായ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ്, പ്രസ്തുത നിയമത്തിന്റെതന്നെ മൂന്നാം വകുപ്പിനും നാലാം വകുപ്പിനും എതിരാണ്. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം ഉറപ്പുനല്‍കുന്നതാണ് മൂന്നാം വകുപ്പ്. നിയന്ത്രണങ്ങളും ചട്ടങ്ങളും വിവേചനപരമാവരുതെന്ന് നിയമത്തിലെ നാലാം (1) വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇടംനല്‍കുന്നതാവണം ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പില്‍ പറയുന്ന 'ആചാരാനുഷ്ഠാനങ്ങള്‍'.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

(ന്യൂനപക്ഷ വിധി):

 1. മതവിശ്വാസം പുലര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ മറികടക്കുന്നതല്ല തുല്യതാതത്ത്വം.
 2. വ്യക്തികളുടെയും വിശ്വാസിസമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ഏകോപിപ്പിക്കുന്നതാവണം മതേതര സമൂഹത്തിലെ ഭരണഘടനാ ധാര്‍മികത.
 3. പ്രത്യേക വിശ്വാസിസമൂഹമാകാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരാണ് അയ്യപ്പന്‍മാര്‍.
 4. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗികമായ വിലക്ക് ഭരണഘടനയിലെ 17-ാം വകുപ്പിന്റെ (അയിത്തം) പരിധിയില്‍ വരില്ല.
 5. കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് പ്രസ്തുത നിയമത്തിന്റെ മൂന്നാം വകുപ്പിന് എതിരല്ല. കാരണം പ്രത്യേക വിശ്വാസിസമൂഹം നിയന്ത്രിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് അവരുടെ മതകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രസ്തുത ചട്ടം ഇളവുനല്‍കുന്നുണ്ട്. ഇതിനെ പരാതിക്കാര്‍ ചോദ്യം ചെയ്യുന്നുമില്ല.
 6. 1965-ലെ നിയമത്തിന് അനുസൃതമായി തന്നെയാണ് ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പുമുണ്ടാക്കിയിരിക്കുന്നത്. ചരിത്രാതീത കാലംമുതല്‍ നിലനിന്നുവരുന്ന ആചാരങ്ങളെ അത് അംഗീകരിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ അനിവാര്യമായ ആചാരങ്ങളാണിവയെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
 7. ഹിന്ദുക്കളുടെ പൊതു ആരാധനാസ്ഥലങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന് നിയമത്തിലെ മൂന്നാം വകുപ്പില്‍ പറയുന്നത് എല്ലാ സാഹചര്യങ്ങളെയും ഉദ്ദേശിച്ചല്ല. വിശ്വാസിസമൂഹത്തിന്റെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശം നല്‍കുന്നുണ്ട്.
ജസ്റ്റിസ് ചന്ദ്രചൂഡ്:

 1. ആരാധനയില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് മതഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കില്‍പ്പോലും അത് ഭരണഘടനാ തത്ത്വങ്ങളായ സ്വാതന്ത്ര്യം, അന്തസ്സ്, തുല്യത എന്നിവയ്ക്ക് കീഴിലേ വരൂ. ഇത്തരം ഒഴിവാക്കലുകള്‍ ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാണ്.
 2. ശബരിമലയിലെ സ്ത്രീവിലക്ക് ഒരു സാഹചര്യത്തിലും അനിവാര്യമായ മതാചാരമല്ല. സ്ത്രീകളുടെ അന്തസ്സിന് കളങ്കമേല്‍പ്പിക്കുന്നതും തുല്യത ഇല്ലാതാക്കുന്നതുമായ ഒന്നിനും ഭരണഘടനാ സാധുതയുണ്ടാവില്ല.
 3. ആര്‍ത്തവത്തിന്റെപേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് അയിത്തം തന്നെയാണ്. അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണ്. വ്യക്തികളുടെ ശുദ്ധി, അശുദ്ധി എന്നീ സങ്കല്പങ്ങള്‍ക്ക് ഭരണഘടനയില്‍ സ്ഥാനമില്ല.
 4. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ദേവസ്വം ബോര്‍ഡ് 1955-ലും 56-ലും ഇറക്കിയ വിജ്ഞാപനങ്ങള്‍ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയമത്തിലെ മൂന്നാം വകുപ്പിന് എതിരാണ്. ഭരണഘടനാ വിരുദ്ധവുമാണ്.
 5. അയ്യപ്പഭക്തന്‍മാര്‍ ഭരണഘടനയുടെ 26-ാം വകുപ്പില്‍ പറയുന്ന പ്രകാരമുള്ള പ്രത്യേക വിശ്വാസിസമൂഹമല്ല.
ജസ്റ്റിസ് നരിമാന്‍:

 1. പത്തിനും അമ്പതിനുമിടയിലെ സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ആചാരത്തിന്റെ ഭാഗമാണെങ്കിലും, അത് തന്ത്രിയുടെയും വിശ്വാസികളുടെയും ആചാരമാണെങ്കിലും നിയമത്തിന് എതിരാണ്. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്നതാണ് പ്രസ്തുത നിയമത്തിലെ മൂന്നാം വകുപ്പ്.
 2. ആയിരത്തിലേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്. അതിനാല്‍ ശബരിമല ക്ഷേത്രം പ്രത്യേക വിശ്വാസിസമൂഹത്തിന്റേതാണെന്ന് പറയാനാവില്ല. പൊതുവായ വിശ്വാസം, പൊതുവായ സംഘടന, പ്രത്യേക പേര് എന്നിവയുള്ള സമൂഹത്തെ മാത്രമേ പ്രത്യേക വിശ്വാസിസമൂഹമായി കാണാനാവൂ.
 3. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ ജൈവികമായ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകള്‍വെച്ച് നോക്കുമ്പോള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
 4. ഇരുഭാഗത്തുനിന്നും തെളിവുശേഖരിക്കാതെ ഈ കോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന വാദത്തിന് പ്രസക്തിയില്ല. ഹര്‍ജികളിലും സത്യവാങ്മൂലങ്ങളിലും തെളിവുകള്‍ ധാരാളമുണ്ട്.
 5. Sabarimala Review Verdict updates
content highlights: Sabarimala Verdict 2018, judges observation, Sabarimala live updates, Sabarimala women entry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram