പന്തളം: ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധി സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഇതിനുമുമ്പ് വന്ന വിധി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് വിഷയം ഏഴംഗ ബെഞ്ചിന് കൈമാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പ് പ്രഖ്യാപിച്ച വിധി തെറ്റാണെന്ന ബോധ്യത്തില്‍ നിന്നാണ് പുനഃപരിശോധിക്കുകയെന്ന നിലപാടിലേക്ക് കോടതി എത്തിയിട്ടുള്ളത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വിധിയെഴുതാന്‍ അഞ്ചംഗ ബെഞ്ചില്‍ നിന്ന് ഏഴംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ശശികുമാര വര്‍മ അറിയിച്ചു.
ഏറെ നാളായി അയ്യപ്പ ഭക്തരുടെ മനസിലുണ്ടായിരുന്ന വിങ്ങലിനാണ് സുപ്രീം കോടതിയുടെ ഈ വിധിയിലൂടെ അവസാനമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ആനന്ദമുണ്ടാക്കുന്ന തീരുമാനമാണിതെന്നാണ് ശശികുമാര വര്‍മ പ്രതികരിച്ചത്.
സുപ്രീം കോടതിയുടെ തന്നെ നിലവിലുള്ള വിധി തെറ്റാണെന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ടതാണ് അയ്യപ്പ ഭക്തരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് വിധി വീണ്ടും പരിശോധിക്കാന്‍ ഉയര്‍ന്ന ഏഴംഗ ബെഞ്ചിന് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ പൂര്‍ണ വിവരം ലഭ്യമായിട്ടില്ല. അറിഞ്ഞിടത്തോളം ഹിന്ദു സ്ത്രീകളുടെ ശബരിമല പ്രവേശനം മാത്രമല്ല, മുസ്‌ലീം സ്ത്രീകള്‍ പള്ളിയില്‍ കയറുന്നത് സംബന്ധിച്ച വിഷയവുമായി കൂടി ബന്ധപ്പെടുത്തുന്ന തരത്തിലായിരുന്ന കോടതിയുടെ പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sabarimala Review Verdict, Sasikumar Varma