തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ചുള്ള പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. കേസ് വിശാല ബെഞ്ചിന് വിട്ടതോടെ 2018 ലെ വിധിയില്‍ എന്തോ അപാകതയുണ്ടെന്നും അത് പുനഃപരിശോധികേണ്ടതാണെന്നുമാണ് വ്യക്തമാകുന്നത്.
ആചാരങ്ങളിലും വിശ്വാസങ്ങളിലും നീതിപീഠത്തിന് ഇടപെടാമോ എന്ന വലിയ ചോദ്യവും വിശാലബെഞ്ചിന് വിടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതായത് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും അതിനാരും മുതിരരുതെന്നുമാണ് അര്‍ത്ഥം. ഇനി ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും പ്രേത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.
മാത്രമല്ല, ഇതരമതങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍ സംബന്ധിച്ചും സമ്പൂര്‍ണ ബെഞ്ച് പരിശോധിക്കണമെന്നാണ് വിധി. മുസ്ലിം ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും അതില്‍ ഉള്‍പ്പെടുന്നു. ഇതരമതങ്ങളിലെ ആചാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും നിലപാട് വ്യകതമാക്കണം.
പിണറായിയുടെ നവോത്ഥാനത്തില്‍ അവയൊക്കെ ഉള്‍പ്പെടുമോ എന്ന് അദ്ദേഹം ജനങ്ങളോട് പറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. പുനഃപരിശോധനാഹര്‍ജിയില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് കക്ഷി ചേര്‍ന്നില്ല? വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും കുമ്മനം ആരോപിച്ചു.
content highlights: kummanam rajasekharan, sabarimala review verdict, BJP, Sabarimala women entry