കോട്ടയം: ശബരിമല വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്. ശബരിമലയുടെ പേരില്‍ ജാതിവിഭാഗീയത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡിനെ ബന്ദിയാക്കിയ സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാമെന്ന വ്യാമോഹം തെറ്റാണെന്നും, നവോത്ഥാനവും യുവതീ പ്രവേശവും തമ്മില്‍ എന്തുബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരാഞ്ഞു.
സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിലൂടെ ശബരിമല വിഷയത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ടാണെന്നും, ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിതെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
നവോത്ഥാന, സാമൂഹിക സംഘടനകളുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശം. എന്‍.എസ്.എസ്. യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെ വനിതാ മതില്‍ തീര്‍ക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതിയും ഇതിനുവേണ്ടി രൂപവത്കരിച്ചിരുന്നു. പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി രംഗത്തെത്തിയട്ടുള്ളത്.
Content Highlights: sabarimala: NSS General Secretary G Sukumaran Nair Against Kerala Government