തിരുവനന്തപുരം: തൃപ്തി ദേശായിയെ പോലെയുള്ളവരെ കേരളത്തിലെത്തിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുമ്പ് കോണ്‍ഗ്രസ് ആയിരുന്ന തൃപ്തി ദേശായി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ബിജെപിയുടെ അജണ്ടയില്‍പ്പെട്ട കാര്യമാണ് തൃപ്തി ദേശായിയുടെ സന്ദര്‍ശനം അടക്കമുള്ളവയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ സാവകാശ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ക്ഷേത്രനട തന്നെ സംഘര്‍ഷഭൂമി ആയിമാറുന്ന സാഹചര്യമുണ്ടായി. പ്രളയ ദുരന്തം പമ്പയിലടക്കം നാശം വിതച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി യുവതീ പ്രവേശന വിഷയത്തില്‍ സാവകാശം വാങ്ങാമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളത്.
സ്വതന്ത്ര നിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെ സര്‍ക്കാര്‍ എതിര്‍ക്കില്ല. എന്നാല്‍, യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത നിലപാടില്ലെന്ന് നേരത്തെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയും മന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സമവായ സാധ്യത തേടാതിരുന്നതുകൊണ്ടല്ല പ്രശ്‌നങ്ങളുണ്ടായത്. ബിജെപിക്ക് രാഷ്ട്രീയം കളിക്കാനുള്ള സുവര്‍ണാവസരമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള തന്നെ തുറന്നുപറഞ്ഞു. ആര്‍.എസ്.എസ്സിനെയും സംഘപരിവാറിനെയും രംഗത്തിറക്കി വിശ്വാസികളുടെ കുപ്പായം അണിയിച്ച് നടത്തിയ പൊറാട്ട് നാടകങ്ങള്‍ എല്ലാവരും കണ്ടതാണ്. തൃപ്തി ദേശായിയെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ആരാണ്. സുപ്രീം കോടതിയില്‍ കേസ് നടത്തിയതും വിധി സമ്പാദിച്ചതും ആര്‍.എസ്.എസ്സാണ്. എന്നിട്ട് വിശ്വാസികളെ തെരുവിലിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലെ കാപട്യം ജനം തിരിച്ചറിയും. ചിലപ്പോള്‍ അതിന് അല്‍പ്പം വൈകിയേക്കുമെന്ന് മാത്രം.
ശബരിമലയില്‍ സുരക്ഷ ഒരുക്കാനുളള ഉത്തരവാദിത്വം പോലീസിനാണ്. ഇതിനുവേണ്ടി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അതിന്റെ ഭാഗമായി ഭക്തര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനുള്ള നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.