തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
നിരാഹാര സമരത്തിന്റെ സമാപന സമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതുവരെ നിരാഹാരം അനുഷ്ടിച്ച ബി.ജെ.പി. നേതാക്കളെയും സമാപനസമ്മേളനത്തില്‍ ആദരിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആദ്യം നിരാഹാരം ആരംഭിച്ചത്. പിന്നീട് ബി.ജെ.പി. നേതാക്കളായ സി.കെ. പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, വി.ടി. രമ തുടങ്ങിയവരും നിരാഹാരം കിടന്നിരുന്നു.
49-ാം ദിവസം സമരം അവസാനിക്കുമ്പോള്‍ വിശ്വാസസംരക്ഷണത്തിനുള്ള സമരത്തിന് ഓരോഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നെങ്കിലും പൂര്‍ണവിജയമായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ ശബരിമല നട അടച്ച സാഹചര്യത്തില്‍ സമരം തുടരേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുക, ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കുക, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി. അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. എന്നാല്‍ സമരത്തിന്റെ ഒരുഘട്ടത്തിലും സര്‍ക്കാര്‍ ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനോ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ തയ്യാറായില്ല.
Content Highlights: sabarimala issue; bjp's hunger strike ends