തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്നു മാറ്റി. ലോക്നാഥ് ബെഹ്റയാണ് പുതിയ പോലീസ് മേധാവി. മുന്‍സര്‍ക്കാരുമായി ഇടഞ്ഞു നിന്നിരുന്ന ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവിയായും നിയമിച്ചിട്ടുണ്ട്.
വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കേയാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. നേരത്തെ ഉത്തരമേഖല എഡിജിപി പത്മകുമാറിനേയും എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്രയേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ പകരം നിയമനം നല്‍കിയിട്ടില്ല.
ഉന്നതപദവികളിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നിരിക്കെ സെന്‍കുമാറിന്റെ സ്ഥാനചലനം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച പിന്നിടും മുന്‍പേയാണ് സംസ്ഥാന പോലീസ് മേധാവിയെ അടക്കം മാറ്റിക്കൊണ്ടുള്ള അഴിച്ചു പണി പോലീസ് തലപ്പത്ത് നടന്നിരിക്കുന്നത്.