തിരുവനന്തപുരം: നവകേരളവുമായി ബന്ധപ്പെട്ട യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം നിയസഭ തള്ളി. അടിയന്തര പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങി പോയതോടെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രമേയം തള്ളിയതായി അറിയിക്കുകയായിരുന്നു.
പ്രളയപുരനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരുടെ മറുപടികളില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. വി.ഡി.സതീശനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
പ്രളയാനന്തര കേരള നിര്‍മാണമെന്നത് പാഴ്‌വാക്കായി. സര്‍ക്കാരിന്റെ വാഗ്ദ്ധാനങ്ങളൊന്നും നടപ്പായില്ല. 4200 കോടി മാത്രമാണ് സര്‍ക്കാരിന്റെ കയ്യിലുള്ള ഫണ്ട് ഇതുക്കൊണ്ടാണ് 40000 കോടിയുടെ നവകേരളം പദ്ധതി നടത്തുമെന്ന വാദമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത വാദങ്ങളാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.
വി.ഡി.സതീശനൊപ്പം അടിയന്തര പ്രമേയ ചര്‍ച്ചയില്‍ 17 പേര്‍ പങ്കെടുത്തു. പ്രളയം ഏറ്റവും കൂടുതല്‍ കെടുതി വരുത്തിയ പ്രദേശങ്ങളിലെ എംഎല്‍എമാരും പ്രതിപക്ഷ നേതാവും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രളയത്തിന് ശേഷമുള്ള നഷ്ടങ്ങളെ കുറിച്ചും മറ്റും ഇതുവരെ ഒരു കണക്കെടുപ്പും നടത്തിയിട്ടില്ല. ഒരു രൂപയും ആര്‍ക്കും കൊടുത്തിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ തുക വാങ്ങിയെടുക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ സര്‍വ്വ കക്ഷിയോഗം പ്രധാനമന്ത്രിയെ കാണണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷത്തിന് വീണ്ടുവിചാരമുണ്ടായത് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. സാലറി ചാലഞ്ചില്‍ സമ്മതപത്രം വേണമെന്ന് പറഞ്ഞത് സൗകര്യത്തിന് വേണ്ടിയാണെന്നും നേരിട്ട് ശമ്പളത്തില്‍ നിന്ന് പിടിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: rebuild kerala,niyamasabha,emergency motion ,vd satheesan,kerala flood