തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലകളിലെ സ്ഥിതിഗതികള്‍ ഗുരുതരമായതിനാലാണ് ഗവര്‍ണര്‍ക്ക് പ്രതികരിക്കേണ്ടിവന്നതെന്നും ഇതോടെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എം.ജി. സര്‍വകലാശാല അദാലത്തില്‍ മന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ പ്രൈവറ്റ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയത്. പ്രൈവറ്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് മന്ത്രിക്ക് വേണ്ടിയാണ്. അദ്ദേഹമാണ് ഒരു കുട്ടിക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിച്ചത്. ഇത് അക്കാദമിക് കൗണ്‍സില്‍ തള്ളിയെങ്കിലും സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. ഇങ്ങനെ നൂറിലധികം വിദ്യാര്‍ഥികളെയാണ് വിജയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റിയിലെ ഗുരുതര ക്രമക്കേട് സോഫ്റ്റ്‌വെയര്‍ തകരാറാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. കേരള സര്‍വകലാശാലയില്‍ നടന്നത് ഗുരുതരമായ ക്രമക്കേടാണ്. സര്‍വകലാശാലയുടെ കലണ്ടര്‍ വരെ തീരുമാനിക്കുന്നത് മന്ത്രിയാണ്. കേരള സാങ്കേതിക സര്‍വകലാശാലയിലും ഇതുതന്നെ സ്ഥിതി. സര്‍വകലാശാലയുടെ പ്രോ ചാന്‍സലറായ മന്ത്രിക്ക് ഒരിക്കലും സര്‍വകലാശാലയുടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല. പക്ഷേ, കെ.ടി. ജലീല്‍ സര്‍വകലാശാലകളുടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടുന്നു. ഇതിലെല്ലാം സ്വജനപക്ഷപാതവും അഴിമതിയുമുണ്ട്. അത് ഗവര്‍ണറുടെ പ്രസ്താവനയില്‍ വ്യക്തമാണെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന ഗൗരവമേറിയതാണ്. ഗവര്‍ണര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്നതും പ്രസ്താവന നടത്തുന്നതും അപൂര്‍വമാണെന്നും അത് സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും ഇനിയും മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് കേരള ജനതയോടുള്ള അനീതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: ramesh chennithala press meet about governor's statement regarding mg university mark scam