തിരുവനന്തപുരം: വ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് നല്‍കുന്നത്. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ളതാണിത്. നിര്‍ബന്ധിച്ച് നല്‍കേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണ്. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമായിട്ടില്ല. ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമാണ്. മന്ത്രി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാവണം.
ആര്‍.എസ്.എസ് നേതാക്കന്മാര്‍ക്ക് പ്രസംഗിക്കാനുള്ള വേദിയല്ല ശബരിമല. ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെയാണ് ബി.ജെ.പി ഇന്നലെ ചവിട്ടി മെതിച്ചത്. പോലീസിന്റെ നിയന്ത്രണത്തിലാണ് ശബരിമല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലായിരുന്നു കഴിഞ്ഞ ദിവസം ശബരിമല. പോലീസ് വെറും നോക്കുകുത്തിയായി. പോലീസിന്റെ മൈക്ക് ഉപയോഗിച്ച് ആര്‍.എസ്.എസ് നേതാക്കന്മാര്‍ പ്രസംഗിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ബി.ജെ.പി അഴിഞ്ഞാട്ടത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു.
സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം പുറത്ത് വന്നതോടെ ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വെളിയില്‍ വന്നിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട തടയാന്‍ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 50 വയസ്സുള്ള സ്ത്രീകളെ പോലും മര്‍ദ്ദിക്കുന്ന സാഹചര്യം ഉണ്ടായി. ഈ സമയത്ത് പോലീസ് കാഴ്ചക്കാരായി.
ശബരിമലയില്‍ തന്ത്രി പത്രക്കാരോട് സംസാരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ ബി.ജെ.പിക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. ദേവസ്വം ബോര്‍ഡ് ഉണ്ടോ എന്ന കാര്യം പോലും കഴിഞ്ഞ ദിവസം ഉണ്ടായി. ദേവസ്വം ബോര്‍ഡിന്റെ നിലപാട് പ്രതിസന്ധി രൂക്ഷമാക്കുന്നു. ശബരിമലയെ കുറിച്ചുളള ആശങ്ക ജനങ്ങളില്‍ വര്‍ധിച്ച് വരികയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പരിഹാസത്തോടെയാണ് ആളുകള്‍ കാണുന്നത്. മണ്ഡലമാസ സമയത്ത് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.