തിരുവനന്തപുരം: മാരായിമുട്ടത്ത് പാറമടയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ധര്‍മ്മകുടി സ്വദേശി സതീശ് (29), മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെള്ളറട സ്വദേശി സുധിന്‍ (23), മാലകുളങ്ങര സ്വദേശി അജി (45) എന്നിവരെ തിരിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കാലിനാണ് ഗുരുതര പരിക്ക്.
രാവിലെ 9.30 ഓടെ പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് സതീശ്. സതീശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബിനില്‍കുമാര്‍ ആശുപത്രിയിലേക്കുള്ള വഴിയാണ് മരിച്ചത്.
എട്ടു പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. 30 ഓളം പേരാണ് അപകട സമയത്ത് പാറമടയില്‍ ജോലിയിലുണ്ടായിരുന്നത്. പാറക്കല്ലുകള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയില്‍ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്. തിരുവനന്തപുരം സ്വദേശി കോട്ടയ്ക്കലില്‍ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലാണ് പാറമട.