തിരുവനന്തപുരം: ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത് മൂന്ന് തവണയെന്ന് ജിന്‍സന്റെ മൊഴി. എട്ടുമിനിറ്റ് വരെ നീണ്ട ഫോണ്‍കോളും ഇതിലുണ്ടെന്ന് ജിന്‍സണ്‍ പറഞ്ഞു. സുനിയുടെ സഹതടവുകാരന്‍ ജിന്‍സണാണ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്.
മൂന്ന് ദിവസം തുടര്‍ച്ചയായി നാദിര്‍ഷയെയും അപ്പുണ്ണിയേയും വിളിച്ചു. 'ലക്ഷ്യ'യില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ പറഞ്ഞു. ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു.
ദിലീപ്, നാദിര്‍ഷ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്.
കേസില്‍ മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍.
പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നാണ് വിവരം. പോലീസ് കണ്ടെത്തിയ നാലു നമ്പരുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ നമ്പരുകള്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.