ഹരിപ്പാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘനത്തിലൂടെ ജനപ്രതിനിധികളെ ആക്ഷേപിച്ചതായി പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രികൂടിയായ കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. അപാകം ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കി. ജനപ്രതിനിധികളെ ആക്ഷേപിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെ പത്തരയോടാണ് രാഷ്ട്രപതി ചേപ്പാട്ടെ എന്‍.ടി.പി.സി. ഹെലിപ്പാഡില്‍ ഹെലിക്കോപ്റ്ററിലെത്തിയത്. സ്ഥലം എം.എല്‍.എകൂടിയായ പ്രതിപക്ഷ നേതാവിനെയും എം.പി. കെ.സി വേണുഗോപാലിനെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഹെലിപ്പാഡില്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
Share this Article
Related Topics