സ്വകാര്യത മൗലിക അവകാശമാക്കിയ വിധിയില്‍ കേരളത്തിന് പ്രത്യേക സന്തോഷം- മുഖ്യമന്ത്രി


സ്വകാര്യതക്കുളള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുളള തിരിച്ചടിയാണിത്

തിരുവനന്തപുരം: സ്വകാര്യതക്കുളള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി എന്തുകൊണ്ടും സ്വഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വകാര്യതക്കുളള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുളള തിരിച്ചടിയാണിത്. ഈ വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേകം സന്തോഷിക്കാന്‍ അര്‍ഹതയുണ്ട്. ലോകം ഉറ്റുനോക്കിയ ഈ കേസില്‍ കേരള സര്‍ക്കാര്‍ എടുത്ത നിലപാട് സാധൂകരിക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വകാര്യതയ്ക്കുളള അവകാശം മൗലികാവകാശമല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തത്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ അതിനെ പിന്തുണച്ചു. എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് കേരളം ശക്തമായി വാദിച്ചു.

ഭരണഘടനാബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആധാറിന് വേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും സ്വകാര്യ കുത്തക കമ്പനികളുമാണ്. ഈ കമ്പനികള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതക്കുളള മൗലികാവകാശം നിഷേധിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram