തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കേരളാ അതിര്‍ത്തിയിലും മാഹിയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍, പുതുച്ചേരി പോലീസ് മേധാവി അന്വേഷണത്തിന് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യകരമായ സംഭവമാണ് മാഹിയിലുണ്ടായത്. കൊലപാതകത്തില്‍ പ്രതികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യും. പ്രതികള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Share this Article
Related Topics