തിരുവനന്തപുരം: പോലീസ് നിയമപാലകരാണെന്നും സദാചാര സംരക്ഷരകല്ലെന്നും കേരള പോസീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കനകക്കുന്ന് കൊട്ടാരത്തില്‍ യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ മ്യൂസിയം പോലീസിന്റെ നടപടി വേദനിപ്പിച്ചതായും ബെഹ്‌റ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കമിതാക്കളോട് വനിതാപോലീസ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ മോശമായ പെരുമാറ്റം അംഗീകരിക്കാനാകില്ല. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. പോലീസ് മേധാവിയെന്ന നിലയില്‍ അന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു ഇടങ്ങളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചിരിക്കുന്നതിലോ സൗഹൃദം പങ്കുവയ്ക്കുന്നതിലോ യാതൊരു തെറ്റുമില്ല. അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികള്‍ നിയമവിരുദ്ധമാണ്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ബന്ധങ്ങള്‍ തുറന്നുകാട്ടുന്നത് പലരും ഇഷ്ടപ്പെടുന്നില്ല.
ഇങ്ങനെ കാണുമ്പോള്‍ അവര്‍ അത് പോലീസിനെ വിളിച്ചറിയിക്കുന്നു. വിവരം ലഭിച്ചാല്‍ പോലീസിന് അന്വേഷിക്കാതിരിക്കാന്‍ സാധിക്കില്ല. അങ്ങനെ അന്വേഷണത്തിനായെത്തിയാലും പോലീസ് വളരെ മാന്യമായി മാത്രമെ അവരോട് പെരുമാറാന്‍ പാടുള്ളു.
എന്നാല്‍ ഇത്തരം നടപടികള്‍ കുറ്റവാളികള്‍ക്ക് പഴുതാകരുത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നതടക്കമുള്ള സംഭവങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കണം. സമൂഹവുമായി പോലീസ് അടുത്തിടപഴകണം. അവരുടെ സുരക്ഷ ഉറപ്പുവരുത്തലും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കലുമാണ് നമ്മുടെ ചുമതലയെന്നും ബെഹ്‌റ പോസ്റ്റില്‍ ഓര്‍മപ്പെടുത്തുന്നു.