കോഴിക്കോട്: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ തീവണ്ടികൾ തടഞ്ഞു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ധരാത്രി തീവണ്ടി തടയല്‍ സമരം നടത്തിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് തടഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തീവണ്ടി തടയൽ സമരത്തിന് തുടക്കമിട്ടത്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ തടഞ്ഞു. പാലക്കാട് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആദ്യം റെയില്‍വേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു. രാജ്യത്തെ ജനങ്ങളുടെ ഉറക്കമില്ലാതാക്കി അധികാരത്തിലുള്ളവര്‍ ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാന്‍ അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ. പറഞ്ഞു. ഭരണകൂടത്തിന്റെ തെമ്മാടിത്തരം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. തുടര്‍ന്ന് അല്പസമയം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെ.എസ്.യുവും ഡിവൈഎഫ്‌ഐയും രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു.
Content Highlights: police action against jamia milia students; dyfi,youth congress protest and blocked trains in kerala