തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി.ജെ ജോസഫിനെയും ഡെപ്യൂട്ടി ലീഡറായി സി.എഫ് തോമസിനെയും തിരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് വിപ്പും സെക്രട്ടറിയും. നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാരായ അഞ്ചില്‍ മൂന്ന് പേര്‍ പങ്കെടുത്തെന്ന് പി.ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുപ്പുകള്‍ നടന്നതെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. അഞ്ചംഗ പാര്‍ട്ടി എം.എല്‍.എമാരില്‍ മൂന്നംഗങ്ങള്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ചു ചേര്‍ക്കാനുള്ള അവകാശം വര്‍ക്കിങ് ചെയര്‍മാനായ തനിക്കാണ്. അതിനെ മറികടന്നാണ് കെ.എ ആന്റണി ജനറല്‍ സെക്രട്ടറി എന്ന പേരില്‍ യോഗം വിളിച്ചത്. കെ എ ആന്റണി ജനറല്‍ സെക്രട്ടറിയല്ല. 25 ജനറല്‍ സെക്രട്ടറിമാരില്‍ ആന്റണിയുടെ പേരില്ല. തുടര്‍ച്ചയായി തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. നിയമസഭയുടെ 5 എ കോണ്‍ഫറന്‍സ് ഹാളിലാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയ സാഹചര്യത്തിലാണ് ജോസഫ് പുതിയ നീക്കം നടത്തിയത്.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.എ. ആന്റണിയും സബ്കോടതിയെ സമീപിച്ചത്.
കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
content highlights: PJ Joseph, Jose K Mani, Kerala Congress M