പാലാ: യു.ഡി.എഫിന്റെ പാലാ ഉപതിരഞ്ഞെടുപ്പിൽ കൺവെൻഷനിൽ പി.ജെ ജോസഫിന് പ്രവർത്തകരുടെ കൂക്കിവിളിയും ജോസ് കെ മാണിക്ക് ജയ് വിളിയും. നേതാക്കളുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് പി.ജെ ജോസഫ് ആഹ്വാനം ചെയ്തു.
കെ.എം മാണിയുമായുള്ള ഓര്‍മകള്‍ അനുസ്മരിച്ച് പ്രസംഗം ആരംഭിച്ച പി.ജെ ജോസഫ് ഒരു പാര്‍ട്ടിയാവുമ്പോള്‍ ചില മത്സരങ്ങള്‍ സ്വാഭാവികമാണെന്ന് അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയില്‍ നിന്ന് ഇറങ്ങി വന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് താന്‍. ഐക്യ ജനാധിപത്യ മുന്നണി എടുക്കുന്ന ഏത് തീരുമാനവും ഏറ്റെടുക്കും. ഇന്ന് മുതല്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുണ്ടാകും. പാലാ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി അധ്വാനിച്ച മാണി സാറിന്റെ പാത പിന്തുടരാന്‍ ജോസ് ടോമിന് കഴിയട്ടെ എന്നും പി.ജെ ജോസഫ് പറഞ്ഞു.
കൂക്കിവിളിയെ വികാരപ്രകടനമെന്നാണ് പി.ജെ.ജോസഫ് വിശേഷിപ്പിച്ചത്. പി.ജെ.ജോസഫിന് ശേഷം സ്ഥാനാർഥി ജോസ് ടോം സംസാരിച്ചു. ഇതിന് ശേഷം പ്രസംഗിക്കാനെത്തിയ ജോസ് കെ മാണിയെ ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. പ്രസംഗത്തിലുടനീളം പ്രവർത്തകർ ജോസിന് ജയ് വിളിച്ചു. ചിലർ പുഷ്പവൃഷ്ടിയും നടത്തി.
പാലായിലെ ജനങ്ങളുടെ ഹൃദയത്തിലുള്ള ചിഹ്നം മാണി സാറാണെന്നും മറ്റൊന്നുമല്ലെന്നും ജോസ് കെ മാണി പറഞ്ഞു. പാലായില്‍ മത്സരിക്കുന്നത് ജോസ് ടോമല്ല കെ.എം മാണിയാണ്. പാലായില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. എല്ലാവരേയും സ്നേഹത്തോടെ പാലായിലേക്ക് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പരിപാടിക്കിടെ സ്ഥാനാര്‍ഥിയുടെ കയ്യിലിരുന്ന രണ്ടിലയോട് കൂടിയ ആപ്പിള്‍ ഒരു പ്രവര്‍ത്തകന്‍ പിടിച്ചുവാങ്ങിയത് ചിരിപടര്‍ത്തി.
content highlights: pj joseph attend udf election convention at Pala