തേഞ്ഞിപ്പലം: വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ സ്വാഗതംചെയ്യാന്‍ അധ്യാപകരും വിദ്യാര്‍ഥികളും തയ്യാറാകണമെന്ന് പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയറില്‍ സര്‍വകലാശാലാ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്വാകാര്യവത്കരണത്തെ നാം എതിര്‍ക്കുന്നു. പക്ഷേ അതില്‍ ഒരു 'പക്ഷേ' ഉണ്ട് എന്നുപറഞ്ഞാണ് പിണറായി ഇവരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കിയത്. പരീക്ഷാഫലം ഉടനടി നല്‍കുന്നതിന് സ്വകാര്യമേഖലയുടെ സാങ്കേതികസഹായം തേടിയതിനെ പിണറായി പിന്തുണച്ചു.സ്വാശ്രയ കോളേജുകള്‍, കോഴ്‌സുകള്‍ എന്നിവയില്‍നിന്ന് പിറകോട്ട് പോകാനാവില്ല. അതില്‍ സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണം. സ്വാശ്രയ കോഴ്‌സ് നടത്തേണ്ടതില്ലെന്ന് സര്‍വകലാശാലകള്‍ക്ക് വേണമെങ്കില്‍ നയം സ്വീകരിക്കാമെന്നും പിണറായി പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന് ചുറ്റുമതിലില്ലാത്തതിനെക്കുറിച്ചും അക്രമത്തിനെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിനെപ്പറ്റിയും പിണറായിക്ക് മുന്നില്‍ വിദ്യാര്‍ഥികളുടെ പരാതിപ്രളയമായിരുന്നു.
പട്ടികജാതിപട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് ലഭിക്കാന്‍ വൈകുന്നതും സര്‍വകലാശാലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്ലാത്തതും പരാതിയായി. ഇടത് അധ്യാപകസംഘടനയായ 'ആക്ട്' ജനറല്‍സെക്രട്ടറി ഡോ. പി. ശിവദാസ്, എംപ്ലോയീസ് യൂണിയന്‍ ജനറല്‍സെക്രട്ടറി എസ്. സദാനന്ദന്‍, വിദ്യാര്‍ഥികളായ നിലീന, അഫീഫ, അറബി വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജാഥാംഗങ്ങളായ കെ.ജെ. തോമസ്, എം.വി. ഗോവിന്ദന്‍, എം.ബി. രാജേഷ്, സി.പി.എം. ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.