തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന പുതിയ ഓര്‍ഡിനന്‍സിനെതിരെ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാര്‍ പ്രതിഷേധം അറിയിച്ചു.
ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച അവര്‍ പ്രഖ്യാപിത നയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. സ്ഥാപിത താത്പര്യങ്ങളുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഓര്‍ഡിനന്‍സിന് പിന്നില്‍ മദ്യലോബികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. മദ്യശാലകള്‍ പൂട്ടിയതിനുശേഷം മദ്യോപയോഗം കുറയുന്ന സാഹചര്യമുണ്ടായി. ഒരു നല്ല സാഹചര്യത്തെ തകര്‍ക്കുന്നതിനെതിരയാണ് മുഖ്യമന്ത്രിയെക്കണ്ട് പരാതി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും മതമേലധ്യക്ഷന്മാര്‍ കൂടിക്കാഴ്ച നടത്തി.
Share this Article
Related Topics