ഓണക്കാലത്ത് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി


2 min read
Read later
Print
Share

ഇപ്പോള്‍ ഗള്‍ഫിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും- കത്തില്‍ പറയുന്നു.

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലെത്താന്‍ കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി കത്തെഴുതി. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെഴുതിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 27നും സപ്തംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ കൂടുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയും. ഇപ്പോള്‍ ഗള്‍ഫിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും- കത്തില്‍ പറയുന്നു.

വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്ന് മെയ് 15ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയതാണ്. തുടര്‍ന്ന് ജൂണ്‍ 23-ന് താന്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.

ആഗസ്റ്റ് 28നും സപ്തംബര്‍ ഒന്നിനും ഇടയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണം. ഷാര്‍ജയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ആഗസ്റ്റ് 25നും സപ്തംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് പിണറായി കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. ട്രെയിന്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു.

ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. അതിനാല്‍ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019