പെരിന്തല്‍മണ്ണ: മദ്യനയം മാറ്റംവരുത്താവുന്നതാണെന്നും ഇപ്പോള്‍ ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിണറായി വിജയന്‍. ഒരുവര്‍ഷത്തെ മദ്യനയമാണ് നിലവിലുള്ളത്. എന്നാല്‍ അടുത്ത സര്‍ക്കാരിന് വേണമെങ്കില്‍ ഇതില്‍ മാറ്റംവരുത്താമെന്ന് അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നവകേരള മാര്‍ച്ചിന്റെ ഭാഗമായിനടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തും. മദ്യനയത്തില്‍ മാറ്റംവേണമോയെന്ന് അപ്പോള്‍ ആലോചിക്കുമെന്നും പിണറായി വ്യക്തമാക്കി. മദ്യനിരോധനമല്ല, മറിച്ച് മദ്യവര്‍ജനമാണ് സി.പി.എം. നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നവകേരള മാര്‍ച്ച് നടത്തുന്നത് തിരഞ്ഞെടുപ്പിനുവേണ്ടിയല്ല മറിച്ച് കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഗെയില്‍, ദേശീയപാതവികസനം എന്നിവ വേണമെന്ന നിലപാടാണ് സി.പി.എമ്മിന്റേത്. എന്നാല്‍ സ്ഥലമുടമകളെ ബോധ്യപ്പെടുത്തി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
ദേശീയപാത 60 മീറ്റര്‍ വീതിയില്‍ വേണമെന്നാണ് അഭിപ്രായം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 45 മീറ്റര്‍ വീതിയില്‍ വേണം. 50 വര്‍ഷത്തേക്കെങ്കിലും മുന്‍കൂട്ടിക്കണ്ടുള്ള റോഡ് വികസനമാണ് വേണ്ടതെന്നും പിണറായി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബു ചെയ്തതെല്ലാം മുഖ്യമന്ത്രിക്കുവേണ്ടിയാണ്. കേസിന്റെ കാര്യത്തില്‍ കെ.എം. മാണിക്കും ബാബുവിനും വേണ്ടി രണ്ട് നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് പിണറായി പറഞ്ഞു.