മാലിന്യം ഭക്ഷിക്കുന്ന ആദിവാസി ബാലന്മാര്‍; അന്വേഷണത്തിന് നിര്‍ദ്ദേശം


നാസര്‍ വലിയേടത്ത്

കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു

പേരാവൂര്‍ (കണ്ണൂര്‍): പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തി ആദിവാസി ബാലന്മാര്‍ മാലിന്യം ഭക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും ജില്ലാ പട്ടിക വര്‍ഗ വികസന വകുപ്പിന് മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഐ.ടി.ഡി.പി.ഓഫീസര്‍ ഹേമരാജിന്റെ നിര്‍ദ്ദേശപ്രകാരം പേരാവൂര്‍ ട്രൈബല്‍ ഓഫീസറും സംഘവും തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലും മാലിന്യസംസ്‌കരണ കേന്ദ്രത്തിലുമെത്തി അന്വേഷണം നടത്തി.

ആദിവാസി ക്ഷേമത്തിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചിലവഴിക്കുന്നതിനിടെ ഒരുനേരത്തെ ഭക്ഷണത്തിനായി ആദിവാസി ബാലന്മാര്‍ക്ക് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഏത്തേണ്ടിവരുന്നുവെന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി തഹസില്‍ദാര്‍ കെ.ആര്‍.രവീന്ദ്രന്‍ കോളനിയിലും സംസ്‌കരണ കേന്ദ്രത്തിലുമെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പേരാവൂര്‍ വില്ലേജ് ഓഫീസര്‍ എ.കെ.രമണി, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍മാരായ ആര്‍.പി.പ്രമോദ്, ഐ.സുമേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ജു മോഹന്റെ നേതൃത്വത്തിലുള്ള സംഘംകോളനി സന്ദര്‍ശിച്ച് അന്വേഷണം നടത്തി. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. കോളനിയില്‍ സാമൂഹ്യ ബോധവത്കരണം സംഘടിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram