തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ പിസി ജോര്‍ജ് എം.എല്‍.എയും സംഘവും തകര്‍ത്തു. എം.എല്‍.എ ആണെന്ന് അറിയാതെ ടോള്‍ ജീവനക്കാര്‍ പി.സി ജോര്‍ജിനോട് ടോള്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സ്റ്റോപ്പ് ബാരിയര്‍ ഒടിച്ചത്. പി സി ജോര്‍ജും സംഘവും കാറില്‍ നിന്ന് ഇറങ്ങി വന്ന് സ്റ്റോപ്പ് ബാരിയര്‍ തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ചൊവ്വാഴ്ച രത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ടോള്‍ പ്ലാസയിലെത്തിയ പിസി ജോര്‍ജിന്റെ കാറില്‍ എം.എല്‍.എ എന്ന ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അന്യ സംസ്ഥാനക്കാരായ ജീവനക്കാര്‍ക്ക് എം.എല്‍.എയെ തിരിച്ചറിയാനും കഴിഞ്ഞില്ല. തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തി ടോള്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനം കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ആദ്യം പിസി ജോര്‍ജാണ് കാറില്‍ നിന്നും ഇറങ്ങി വന്ന് ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്തത്. തുടര്‍ന്ന് കാറില്‍ നിന്ന് കൂടെയുണ്ടായിരുന്നവരും ഇറങ്ങി വന്ന് സ്റ്റോപ്പ് ബാരിയര്‍ പൂര്‍ണമായും ഒടിച്ച് മാറ്റുകയായിരുന്നു.
എന്നാല്‍ തന്റെ കാറില്‍ എംഎല്‍എ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നുവെന്നും എന്നിട്ടും വാഹനം കടത്തിവിടാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു. കോഴിക്കോട് നിന്നും താനും കൂടെയുള്ളവരും ഉറക്കമൊഴിച്ച് വരികയായിരുന്നുവെന്നും എംഎല്‍എ ആണെന്ന് അറിയിച്ച് ഏറെ നേരം കാത്തിരുന്നിട്ടും വാഹനം വിടാത്തതില്‍ പ്രതിഷേധിച്ചാണ് ബാരിയര്‍ ഒടിച്ചതെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പുറകില്‍ നിരവധി വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
Content Highlights:PC George mla crashes stop barrier in plaiyekkara tooll plaza