കോട്ടയം: സംസ്ഥാന ജൂനിയര്‍ സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്നുണ്ടായ അഫീലിന്റെ മരണത്തില്‍ അന്വേഷണം ഇഴയുന്നതായി മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നും കേസില്‍ നിന്ന് രക്ഷ നേടുന്നതിനായി സംഘാടകര്‍ വ്യാജരേഖകള്‍ ഉണ്ടാക്കുന്നതായും അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സണും ഡാര്‍ളിയും ആരോപണമുയര്‍ത്തി.
അഫീലിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് വിവിധ അന്വേഷണസമിതികള്‍ കണ്ടെത്തിയെങ്കിലും വീഴ്ചയില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അഫീലിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരായി അയച്ചിരുന്നില്ല എന്ന അധികൃതരുടെ വാദവും തെറ്റാണെന്ന് ഇവര്‍ പറഞ്ഞു.
അഫീലിന്റെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ നീക്കം ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. അഫീലിന്റെ ഫോണ്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. അഫീല്‍ ഫോണ്‍ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. ചില സുഹൃത്തുക്കള്‍ക്ക് ഈ പാസ്വേഡ് അറിയാമായിരുന്നു. ലോക്ക് തുറക്കുന്നതിന് പോലീസ് വിളിച്ചുവരുത്തിയ സുഹൃത്തുക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോള്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി ജോണ്‍സണെ അറിയിച്ചത്.
Content Highlights: Parents complain about enquiry on Apheel's death