പാലിയേക്കര: ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍ കുടുങ്ങിയ ജില്ലാ കളക്ടര്‍ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പ്ലാസ ജീവനക്കാരെയും പോലീസിനെയും രൂക്ഷമായി ശാസിച്ച തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗം കഴിഞ്ഞു വരികയായിരുന്നു അനുപമ. ഈ സമയം ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കില്‍പ്പെട്ട കളക്ടര്‍ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോള്‍ബൂത്തിനു മുന്നിലെത്തിയത്.
ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയ കളക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പോലീസ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നതാണ് കളക്ടറെ ചൊടിപ്പിച്ചത്. അരമണിക്കൂറോളം ടോള്‍പ്ലാസയില്‍ നിന്ന കളക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ചശേഷമാണ് തൃശ്ശൂരിലേക്ക് പോയത്.
content highlights: paliyekkara toll plaza, collector tv anupama
Share this Article