കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂറായി പണം അനുവദിക്കുന്നതിനുള്ള നോട്ട് ഫയലുകളാണ് കാണാതായത്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഈ രേഖകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഇല്ലെന്ന് കണ്ടെത്തിയത്.
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപയാണ് മുന്‍കൂറായി അനുവദിച്ചത്. നോട്ടുഫയലുകള്‍ പരിഗണിച്ചാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പണം അനുവദിക്കാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ നോട്ട് ഫയലുകള്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അതേസമയം, രേഖകള്‍ കാണാത്തതിനാല്‍ ഈ നോട്ടുഫയലുകള്‍ എത്രയുംപെട്ടെന്ന് ഹാജരാക്കണമെന്ന് വിജിലന്‍സ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി രേഖകള്‍ നഷ്ടപ്പെട്ടതാണെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കണമെന്നും വിജിലന്‍സ് നിര്‍ദേശം നല്‍കി.
Share this Article
Related Topics