കൊച്ചി: പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു.
പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണത്തിന് ആര്‍ഡിഎസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ഈ കരാറില്‍ നിന്ന് ഇവരെ സര്‍ക്കാര്‍ ഒഴിവാക്കി. അതിനെതിരെ ആര്‍ഡിഎസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്കെതിരെ നിലവില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ഇവരെ ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നു.
മതിയായ കാരണങ്ങളുണ്ടെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്ന് ടെന്‍ഡര്‍ വ്യവസ്ഥയില്‍ പറയുന്നുണ്ട്. അതനുസരിച്ചാണ് നടപടിയെന്നും സര്‍ക്കാര്‍ പറഞ്ഞു. ആര്‍ഡിഎസിനോ അവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനോ മേലില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും നല്‍കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Content Highlights: Palarivattom Bridge scam, Govt blacklisted RDS