കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനും ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷിനുമെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ സൂരജ്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൊബിലൈസേഷന്‍ ഫണ്ട് പലിശ രഹിതമായാണ് അനുവദിച്ചിരുന്നത്. താന്‍ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാന്‍ തീരുമാനിച്ചത്. 8.25 കോടി രൂപ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയതെന്നും സൂരജ് ആവര്‍ത്തിച്ചു.
ഏഴ് ശതമാനം പലിശ കിട്ടിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷ് അടക്കമുള്ള ആളുകള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇതേ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
സൂരജിനെ കൂടാതെ പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നീ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷയാണ് വിജിലന്‍സ് നല്‍കിയിട്ടുള്ളത്.
Content highlights: palarivattom bridge issue t o suraj's allegations against ibrahim kunju