കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി.ഒ സൂരജ്.
പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറയുന്നു. പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്ന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഈ ക്രമക്കേടില്‍ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്നാണ് ടി.ഒ സൂരജ് ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്.
8.25 കോടി രൂപ കരാര്‍ കമ്പനിക്ക് മുന്‍കൂറായി അനുവദിക്കാന്‍ തീരുമാനിച്ച ഫയലില്‍ ഒപ്പിട്ടിരിക്കുന്നത് അന്ന് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞാണെന്നാണ് ടി.ഒ സൂരജ് വ്യക്തമാക്കുന്നത്. കരാര്‍ കമ്പനിക്ക് പലിശ രഹിതമായി പണം അനുവദിക്കാനാണ് മന്ത്രി ഉത്തരവിട്ടതെന്ന് സൂരജ് പറയുന്നു. ഏഴ് ശതമാനം പലിശ ഈടാക്കി പണം നല്‍കാനാണ് താന്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നുണ്ട്.
കേസിലെ നാലാം പ്രതിയാണ് ടി.ഒ സൂരജ്. അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ടി.ഒ സൂരജിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
Content Highlights: Content Highlights: Palarivattam Flyover bridge scam, Revelation against ex Minister V. K. Ebrahimkunju