പാലക്കാട്: നെന്മാറ സിഐയുടെ നേതൃത്വത്തില്‍ പാലക്കാട് പോലീസുകാര്‍ മൃഗബലി നടത്തി. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിലാണ് പോലീസുകാര്‍ ആടിനെ ബലി നല്‍കി പൂജ നടത്തിയത്. നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി പോലീസുകാര്‍ തന്നെ നടത്തിയത്..
എല്ലാ വര്‍ഷവും പോലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃഗബലി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ആടിനെ അറക്കാനും പാചകം ചെയ്യാനും സഹായികള്‍ ഉണ്ടായിരുന്നെങ്കിലും പൂജയൊക്കെ പോലീസുകാരാണ് നടത്തിയത്.
ആടിനെ അറുത്ത് പാചകം ചെയ്ത് കഴിഞ്ഞപ്പോഴേക്കും നെന്മാറ സിഐയും മറ്റു പോലീസുകാരും പോലീസ് വാഹനത്തിലെത്തി. ക്ഷേത്രത്തില്‍ പോയി തൊഴുതിറങ്ങിയ ശേഷം എല്ലാവരും ചേര്‍ന്ന് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.
ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പോലീസുകാരാണ് എത്തിച്ചത്.നെന്മാറ വേല പ്രശ്‌നങ്ങളൊന്നുമില്ലാതെ അവസാനിച്ചാല്‍ എല്ലാവര്‍ഷവും ഇതുപോലെ മൃഗബലി നടത്താറുണ്ടെന്ന് പോലീസുകാര്‍ തന്നെ രഹസ്യമായി സമ്മതിക്കുകയും ചെയ്തു. എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തില്‍ മൃഗബലി ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്ന് മൃഗബലിയില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാലക്കാട് എസ്.പി. നിര്‍ദ്ദേശം നല്‍കി.