കോട്ടയം: രണ്ടില ചിഹ്നം കിട്ടത്താതാണ് പരാജയത്തിലേക്കെത്തിച്ചതെങ്കില്‍ അതിനുത്തരവാദി ജോസ് കെ മാണിയെന്ന് പിജെ ജോസഫ്.
നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.
"ഇത് ചോദിച്ചു വാങ്ങിയ തോല്‍വിയാണ്. ചിഹ്നം നല്‍കാന്‍ പിജെ ജോസഫിനാണ് അധികാരം എന്ന് ടിക്കാറാം മീണ പറഞ്ഞപ്പോള്‍ ചിഹ്നം കൊടുക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചു പികെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നു. പിജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ്ജ് ഓഫ് ചെയര്‍മാന്‍ എന്നെഴുതി കത്ത് തരാമെങ്കില്‍ ചിഹ്നം തരാമെന്ന് ഞാൻ പറഞ്ഞു.
എന്നാല്‍ കത്ത് തരാന്‍ തയ്യാറല്ല എന്ന് രമേശ് ചെന്നിത്തല മുഖേന അവരറിയിച്ചു. കത്ത് തന്നു എന്ന് പിന്നീട് വരുത്താന്‍ വേണ്ടി നോമിനേഷന്‍ കൊടുക്കേണ്ട അവസാന സമയത്താണ് അവര്‍ കത്തയച്ചത്. മൂന്ന് മണിക്കായിരുന്നു സമയപരിധി അവസാനിക്കുന്നത്. എന്നാല്‍ 2.29നാണ് അവര്‍ മെയില്‍ അയച്ചത്', പിജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"ഇത് ചോദിച്ചു വാങ്ങിയ പരാജയമാണ്. ചിഹ്നം കിട്ടിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്ന് പറയുമ്പോള്‍ ചിഹ്നം ചോദിക്കാതെ വിളിച്ചു വരുത്തിയ പരാജയമാണെന്ന് ഞാന്‍ പറയും. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനോട് അഭ്യര്‍ഥിച്ചിരുന്നെങ്കില്‍ ചിഹ്നം കിട്ടുമായിരുന്നു. അതിനാല്‍ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജോസ് കെ മാണിക്കാണ്" എന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
content highlights: Pala Kerala congress defeat, PJ Joseph accuses Jose K Mani