കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യു.ഡി.എഫ്. തീരുമാനം അംഗീകരിക്കുന്നതായി പി.ജെ. ജോസഫ്. അതേസമയം, സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുള്ള ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുമോ എന്ന ചോദ്യത്തിന് പി.ജെ. ജോസഫ് വ്യക്തമായ മറുപടി നല്‍കിയില്ല.
യുഡിഎഫ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്. എല്ലാവശങ്ങളും യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തു. ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ഥി പറഞ്ഞെങ്കില്‍ ചിഹ്നം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടല്ലോയെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പാലായില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജോസ് ടോമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ശ്രമിക്കുമെന്നും, തിരഞ്ഞെടുപ്പല്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ചിഹ്നത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും ജോസ് കെ മാണി പറയുന്ന ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ.എം. മാണിയുടെ പടം വെച്ച് മത്സരിച്ചാലും പാലായില്‍ ജയം ഉറപ്പാണെന്നും ജോസ് ടോം അവകാശപ്പെട്ടിരുന്നു.
ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. കെ.എം. മാണിയുടെ കുടുംബത്തില്‍നിന്ന് ആരും മത്സരിക്കില്ലെന്ന് തോമസ് ചാഴിക്കാടന്‍ എം.പി.യും നേരത്തെ പറഞ്ഞിരുന്നു. ഇതോടെ നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്നും തീര്‍ച്ചയായിരുന്നു.
Content Highlights: pala by election; pj joseph's response about udf candidate jose tom pulikkunnel in pala