മോഹനന്‍ പറഞ്ഞത് യാഥാര്‍ഥ്യം; ഉള്ളില്‍ തീവ്രതയുള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ പൊള്ളും-പി.ജയരാജന്‍


2 min read
Read later
Print
Share

ഇത് ഉപയോഗിച്ച് സിപിഐഎം ഇസ്ലാമിക വിശ്വസികള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ആരംഭിച്ചിരിക്കുന്നു

കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനക്ക് പിന്തുണയുമായി പി.ജയരാജന്‍. മാവോവാദികളെ പ്രോത്സാഹിപ്പിക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നതെന്നും ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാവോയിസ്റ്റുകളെ ഇസ്ലാമിസ്‌റ് തീവ്രവാദികള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരു പൊതു യോഗത്തില്‍ സ:പി മോഹനന്‍ മാസ്റ്റര്‍ പ്രസംഗിച്ചത്തിന്റെ പേരില്‍ സിപിഎം നെതിരെ വിരുദ്ധന്‍മാര്‍ ആക്രോശം തുടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് സിപിഐഎം ഇസ്ലാമിക വിശ്വസികള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ആരംഭിച്ചിരിക്കുന്നു. ഭീകരവാദ സംഘടനയായ ഐ എസ് ന്റെ പൂര്‍ണ രൂപം ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ്.അതിന്റെ അര്‍ത്ഥം ഇസ്ലാമിക വിശ്വാസികള്‍ ആകെ ഭീകരവാദികള്‍ ആണ് എന്നല്ല.ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറയുമ്പോ ലീഗുകാര്‍ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല.

ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാര്‍.ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്.ഹിന്ദു തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ആര്‍എസ്എസ് എതിര്‍ക്കുന്നത് പോലെയാണ് മുസ്ലിം തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത്.മുസ്ലിം തീവ്രവാദികള്‍ക്കെതിരായി പറഞ്ഞാല്‍ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാന്‍ തയ്യാറാവണം.

ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത്.അവര്‍ ആത്മപരിശോധന നടത്തുക.യഥാര്‍ത്ഥ മതവിശ്വാസികള്‍ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങള്‍ക്ക് എതിരാണ്.

ഇന്ന് സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്.ആര്‍എസ്എസ് നേതൃത്വത്തില്‍ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്.രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആര്‍എസ്എസ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടര്‍ മിണ്ടില്ല.രാജ്യത്താകമാനം സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല.

പൊട്ടക്കിണറ്റിലെ തവളകളായി സിപിഐഎമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്.
പലപ്പോളും സിപിഐഎമ്മിനെതിരായി ആര്‍എസ്എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് പോലും ഇത്തരം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളാണ്.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പണ്ഡിതനായ എം എന്‍ കാരശ്ശേരി തീവ്രവാദികള്‍ക്ക് വേണ്ടി ഘോര ഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഞാന്‍ വായിച്ചത് കാരശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിനു എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല. മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകള്‍ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവര്‍ ഒത്തു ചേരുന്നുണ്ട്.

CRPP എന്ന സംഘടനയുടെ (Committee for Release of Political Prisoners) ഡല്‍ഹി യോഗത്തില്‍ കോഴിക്കോട്കാരനായ പ്രൊഫ. കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു.കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

മാലേഗാവ് സ്ഫോടനക്കേസിലും അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസിലും ആദ്യം പ്രതി ചേര്‍ക്കപ്പെട്ടത് മുസ്ലിം യുവാക്കളെ ആണ്. പിന്നീടാണ് ഇത് ചെയതത് ഹിന്ദുത്വ തീവ്രവാദികള്‍ ആണെന്ന് ബോധ്യമായത്. ഈ സംഭവത്തിന്റെ തുടക്കം മുതല്‍ സിപിഐഎം ആണ് ശരിയായ നിലപാടെടുത്തത്. ഹിന്ദുത്വ തീവ്രവാദികള്‍ ക്കെതിരായ ഉറച്ച നിലപാടെടു ക്കുന്ന സിപിഐഎമ്മിന് ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളെയും തുറന്നു കാട്ടേണ്ടതുണ്ട്.

അതിനാല്‍ ഇസ്ലാമിസ്റ്റുകളെ വിമര്‍ശിക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുള്ള ഏത് ഇസ്ലാം മതവിശ്വാസിയും സിപിഐഎമ്മിന് ന് ഒപ്പം ചേരും. ഹിന്ദുത്വ തീവ്രവാദികളെ എതിര്‍ക്കുമ്പോള്‍ സാധാരണ ഹിന്ദു ജന വിഭാഗങ്ങളും പാര്‍ട്ടിയോടൊപ്പം അണിനിരക്കും- ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Content Highlights: p mohanan's maoist-islamist speech-support p jayarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

നാടന്‍ കലാകാരന്‍ പേരടിപ്പുറം തേവന്‍ അന്തരിച്ചു

Aug 20, 2015


mathrubhumi

1 min

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി അവകാശവാദം വ്യാജമെന്ന് സമസ്ത

Apr 29, 2019


mathrubhumi

1 min

സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപവത്കരിക്കണമന്ന് സിനഡ്

Jan 10, 2019