കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കിയ വ്യതിയാനത്തെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കഴിഞ്ഞ 40 വര്‍ഷത്തെ മാറ്റമാണ് പഠിച്ചത്. സമുദ്രോപരിതലത്തില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 0.8 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയിട്ടുണ്ട്. ചെറിയ അളവിലാണ് മാറ്റമെന്ന് തോന്നാമെങ്കിലും ഇത് മത്സ്യങ്ങള്‍ക്ക് കനത്ത ആഘാതമാണുണ്ടാക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി.യു. സക്കറിയ പറഞ്ഞു. പഠനം 2020 വരെ തുടരും.
ചെമ്മീന് പ്രായപൂര്‍ത്തി പെട്ടെന്ന്
ചൂടിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന വിഭാഗങ്ങളിലൊന്ന് ചെമ്മീനാണ്. ഇവ പെട്ടെന്ന് മുട്ടയിട്ട് തുടങ്ങുന്നു. വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പ് മുട്ടയിട്ട് തുടങ്ങുന്നതു മൂലം ദോഷങ്ങളേറെയാണ്. മുട്ടകളുടെയും അതുവഴി കുഞ്ഞുങ്ങളുടെയും എണ്ണം കുറവായിരിക്കും. വളര്‍ച്ചയും വലിപ്പവും കുറയുന്നതായും കാണപ്പെടുന്നു.
ചാളയും അയലയും യാത്രയില്‍
മുന്‍പില്ലാതിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ ചാളയും അയലയും കാണുന്നുണ്ട്. കടലില്‍ സുലഭമായി ഇവ ലഭിച്ചിരുന്ന മേഖലകളില്‍ ഇവയുടെ സാന്നിധ്യം കുറഞ്ഞു. ചൂട് കുറഞ്ഞ സ്ഥലങ്ങളിലേക്ക് ഇവ നീങ്ങുന്നതാണ് കാരണമായി വിലയിരുത്തപ്പെടുന്നത്.
ഗോവ, മഹാരാഷ്ട്രയിലെ രത്നഗിരി എന്നിവിടങ്ങളിലെല്ലാം സമുദ്രത്തില്‍ ചാള ധാരാളം കാണുന്നു. ഇവിടെ നിന്ന് വീണ്ടും വടക്കന്‍ മേഖലകളിലേക്ക് ഇവ നീങ്ങുകയാണ്. അയലയും ഇതുപോലെ തന്നെയാണ്. ഗുജറാത്ത്, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നെല്ലാം കൂടുതലായി കിട്ടിതുടങ്ങിയിട്ടുണ്ട്.
കൂടി; പിന്നെ കുറഞ്ഞു
സ്രാവ് ഉള്‍പ്പെടെയുള്ള വലിയ മത്സ്യങ്ങളുടെ എണ്ണം ഇടയ്ക്ക് കൂടിയെങ്കിലും പിന്നീട് കുറഞ്ഞു. 2000-2004 കാലയളവിലാണ് വര്‍ധന കണ്ടത്. നെയ്മീനും പ്രതിസന്ധി നേരിടുന്നു. ആവശ്യക്കാരേറിയുള്ളതിനാല്‍ ഇവയെ പിടിക്കാന്‍ പ്രത്യേകതരം വലകള്‍ തന്നെയുണ്ട്.
മറ്റു പ്രശ്നങ്ങള്‍
* മീനുകളുടെ ഭക്ഷ്യലഭ്യതയില്‍ മാറ്റം. ഇത് മത്സ്യങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാം
* തദ്ദേശീയമായ ആവാസവ്യവസ്ഥയിലേക്ക് മറ്റു മത്സ്യങ്ങളുടെ കടന്നുകയറ്റം.
* ഉപദ്രവകാരികളായ പായലുകളുടെ സാന്നിധ്യം. മത്സ്യസമ്പത്തിനെ ഇത് ബാധിക്കും
* ബാക്ടീരിയയും വൈറസും മൂലമുള്ള രോഗങ്ങള്‍ പടരുന്നു.
* സമുദ്രനിരപ്പ് ഉയരുന്നു. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
* മത്സ്യങ്ങളുടെ വളര്‍ച്ചയെയും ഉത്പാദനക്ഷമതയെയും ബാധിക്കുന്നു.
* ചില മത്സ്യങ്ങള്‍ ക്രമാതീതമായി പെരുകുന്നു. മറ്റു ചിലത് പെട്ടെന്ന് ഇല്ലാതാകുന്നു.