തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് മുതിര്‍ന്ന പൗരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവം, കോട്ടയം ഈരാറ്റുപേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ എസ് ഐ നടത്തിയ അസഭ്യവര്‍ഷം തുടങ്ങി പോലീസിന്റെ അതിക്രമം സൂചിപ്പിക്കുന്ന ആറ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പോലീസിന്റെ കിരാത ഭരണമാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് അടിക്കടി അക്രമങ്ങള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന് ഇത് നിയന്ത്രിക്കാനാകുന്നില്ല. പോലീസിന്റെ ഔദ്യോഗിക ഭാഷ അസഭ്യമാണോയെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കിയതു പോലെ തെറി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മറുപടി പറഞ്ഞ നിയമ മന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. അതിക്രമം നടത്തുന്നവരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
content Highlights: kerala niyamasabha, UDF