കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. താന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറുന്നുവെന്ന് വ്യക്തമാക്കി കന്യാസ്ത്രീ കര്‍ദിനാളിനയച്ച കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഫ്രാങ്കോ മുളയ്ക്കലില്‍നിന്ന് താനടക്കം പലര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, തനിക്ക് കന്യാസ്ത്രീ നല്‍കിയ കത്തില്‍ ജലന്ധര്‍ രൂപതയിലെ ചില പ്രശ്നങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും പീഡനം സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്.
ബിഷപ്പില്‍ നിന്ന് നേരിടേണ്ടി വരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി 2017 ജൂലായിലാണ് കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി അയയ്ച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും അല്ലാതെയും തങ്ങളോട് മോശം വാക്കുകള്‍ പറയുന്നുണ്ട്. ഇതിന് പുറമെ, അശ്ലീലച്ചുവയുള്ള മൊബൈല്‍ സന്ദേശങ്ങളും അയയ്ക്കാറുണ്ട്. അയാളുടെ ഇംഗിതത്തിന് വഷങ്ങാത്ത കന്യാസ്ത്രീകളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും കത്തില്‍ ആരോപിച്ചിരുന്നു.
കന്യാസ്ത്രീയുടെ പീഡന ആരോപണം സംബന്ധിച്ച് കര്‍ദിനാള്‍ മുമ്പെടുത്ത നിലപാടുകളെ വെല്ലുവിളിക്കുന്നതും അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നതുമായി തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Share this Article
Related Topics