പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് വീണ്ടും എന്‍എസ്എസ്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കാന്‍ കാരണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്‍.എസ്.എസ് രാഷ്ട്രീയമായി സമദൂരത്തില്‍നിന്നും ശരിദൂരത്തിലേക്ക് പോകാന്‍ കാരണം ശബരിമലയുവതീപ്രവേശനം സംബന്ധിച്ചുള്ള പ്രശ്‌നം മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണമാണ് ഇപ്പോള്‍ ചിലരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്.
ഇടതുപക്ഷ സര്‍ക്കാരാകട്ടെ, ഈശ്വരവിശ്വാസം ഇല്ലാതാക്കുവാന്‍ വിശ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും, ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എന്‍.എസ്.എസ്. എതിര്‍ക്കുന്നു.
ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മുന്നാക്കവിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടുനിരത്തിയിട്ടുള്ളതാണ്.
അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എന്‍.എസ്.എസ്സിന്റെ നിലപാടിനെ നിസ്സാരമാക്കി തള്ളിക്കളഞ്ഞാല്‍ ജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ട.
എന്‍.എസ്.എസ്. നേതൃത്വം പറഞ്ഞാല്‍ നായര്‍സമുദായാംഗങ്ങള്‍ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറഞ്ഞുകേട്ടിട്ടുണ്ട്. എന്‍.എസ്.എസ്സിനെ സ്‌നേഹിക്കുന്ന സമുദായാംഗങ്ങള്‍ എക്കാലവും അതിനെ പുച്ഛിച്ചു തള്ളിയിട്ടേയുള്ളു.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ്. ശരിദൂരം സ്വീകരിച്ചിരിക്കുന്നത്; സംസ്ഥാനസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല എന്നുള്ള കാര്യം രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം
Content Highlights: Both governments are against devotees