പ്രളയമുണ്ടാക്കിയത് മുല്ലപ്പെരിയാര്‍ അല്ല; സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ എതിര്‍ സത്യവാങ്മൂലം


ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലത്തിന്റെ അളവിനോട് താരതമ്യം ചെയ്യുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട ജലത്തിന്റെ അളവ് വളരെ കുറവാണെന്നും തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദങ്ങളെ തള്ളി സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ എതിര്‍ സത്യവാങ്മൂലം. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലത്തിന്റെ അളവിനോട് താരതമ്യം ചെയ്യുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട ജലത്തിന്റെ അളവ് വളരെ കുറവാണെന്നും പ്രളയത്തിനിടയാക്കിയത് കേരളത്തിലെ തന്നെ ഡാമുകളിലെ ജലമാണെന്നും തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തില്‍ പെയ്തത് അപ്രതീക്ഷിതമായ മഴയാണ്. കേരളത്തിലെ ഡാമുകളില്‍ വലിയ അളവില്‍ വെള്ളം ശേഖരിക്കപ്പെട്ടു. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍നിന്നടക്കം തുറന്നുവിട്ട വെള്ളമാണ് കേരളത്തില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കി ഡാമിലേക്കെത്തിയ വെള്ളം വളരെ കുറവാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജലനിരപ്പ് 152 അടിയാക്കി നിലനിര്‍ത്തുന്നതിന് അണക്കെട്ട് ബലപ്പെടുത്തുന്നതിനായി തമിഴ്‌നാട് നടത്തിവന്ന ജോലികള്‍ കേരളം തടസ്സപ്പെടുത്തിയതായും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായിട്ടല്ല, മനുഷ്യ ജീവിതവും പ്രകൃതി ദുരന്തവും തമ്മിലുള്ള പ്രശ്‌നമായിട്ടാണ് ഈ വിഷയത്തെ കാണുന്നതെന്ന് കോടതി വ്യക്തമാക്കി. തുടര്‍ വാദം കേള്‍ക്കുന്നതന് സെപ്റ്റംബര്‍ ആറിലേക്ക് കേസ് മാറ്റി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നതാണ് കേരളത്തിലുണ്ടായ മഹാപ്രളയത്തിന് പ്രധാന കാരണമെന്ന് കേരളം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജലനിരപ്പ് 142ല്‍ എത്തുന്നതിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ലെന്നും കേരളം പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. ഭാവിയില്‍ ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Mullaperiyar, Kerala Floods, Tamil Nadu Counter Affidavit, Supreme court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram