കൊച്ചി: സംരക്ഷണം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പുണെയിലേക്ക് മടങ്ങി. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
യുവതി പ്രവേശനത്തിനുള്ള 2018ലെ വിധിയില്‍ സ്റ്റേ ഇല്ലാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സംരക്ഷണം നല്‍കാനാകില്ലെന്നാണ് പോലീസ് പറയുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.
പ്രതിഷേധം നടത്തുന്നവര്‍ യഥാര്‍ഥ ഭക്തരല്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍, സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്കാര്യം രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. ഇതോടെ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതി നല്‍കാമെന്ന് സംസ്ഥാന അറ്റോര്‍ണി പോലീസിനെ അറിയിച്ചു.
അതിനിടെ, വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാനുള്ള ആലോചനകള്‍ തൃപ്തിയും സംഘവും നടത്തി. മടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ നിലപാട് മാറ്റി. ഒപ്പമുള്ളവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്ന് അവര്‍ പോലീസിനെ അറിയിച്ചു. രാത്രിയോടെ അവരെ തിരിച്ചയയ്ക്കാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങി. ഇതിനൊടുവിലാണ് അവര്‍ പുണെയിലേക്ക് മടങ്ങാന്‍ തയ്യാറായത്. തൃപ്തിയും സംഘവും പകല്‍ മുഴുവന്‍ ഉണ്ടായിരുന്ന കൊച്ചി പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: No protection from Police,Trupti Desai returned to Pune