തിരുവനന്തപുരം: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 'പൊതുഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിക്കുന്ന നൈറ്റ് വാക്ക് അഥവാ രാത്രി നടത്തം നിര്‍ഭയ ദിനമായ (ഡിസംബര്‍ 29) ഞായറാഴ്ച. സംസ്ഥാനത്ത് 100 ലധികം സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരും സഹകരിച്ച് രാത്രി നടത്തം വിജയമാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
'പൊതുയിടം എന്റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് രാത്രി നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം മുന്‍കൂട്ടി അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
രാത്രി നടത്തം- പ്രധാന സ്ഥലങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോള്‍ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വര്‍ക്കല മുനിസിപ്പാലിറ്റി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, വര്‍ക്കല റയില്‍വേ സ്റ്റേഷന്‍, വാമനപുരം, ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്
എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ട്. കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും രാത്രിനടത്തം ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന പ്രമുഖര്‍
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, സിനിമാ താരം പാര്‍വതി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, ഷാജി കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പി.എസ്. ശ്രീകല തുടങ്ങിയവര്‍ മാനവിയം വീഥിയില്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കും.
Content Highlights: Night walk for women in 100 locations across the state