ജേണലിസം ലെക്ച്ചറര്‍ പി.എസ്.സി പരീക്ഷയുടെ 80% ചോദ്യങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് പകര്‍ത്തിയത്


By അജ്നാസ് നാസർ

2 min read
Read later
Print
Share

ബ്ലോഗുകളില്‍ നിന്നും ഇന്ററാക്ടീവ് സൈറ്റുകളില്‍ നിന്നും ഈ വിധം വസ്തുനിഷ്ഠമല്ലാതെ തയ്യാറാക്കുന്ന ചോദ്യങ്ങൾ ചോര്‍ന്നിട്ടില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജേണലിസം ലെക്ചറര്‍ പോസ്റ്റിലേക്ക് വ്യാഴാഴ്ച നടന്ന പി.എസ്.സി പരീക്ഷ വിവാദത്തില്‍. കോഴിക്കോട് നടന്ന ഓണ്‍ലൈന്‍ പരീക്ഷക്കെതിരേ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളാണ് രംഗത്ത് വന്നത്. പരീക്ഷയില്‍ ജേണലിസം ഭാഗത്ത് നിന്ന് ആകെ ചോദിച്ച 80% ചോദ്യങ്ങളും ഇന്റനെറ്റില്‍ നിന്ന് പകർത്തിയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേര്‍ണല്‍ മൂല്യനിര്‍ണയങ്ങള്‍ക്കായുള്ള ബുക്ക്‌ലെറ്റുകളിലെയും ഇന്റർനെറ്റിലെയും ചോദ്യങ്ങൾ ഓപ്ഷനുകളിൽ പോലും മാറ്റം വരുത്താതെയാണ് പകർത്തിയിരിക്കുന്നത്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പരീക്ഷയെഴുതിയവർ.

PROFSQUIZ, QUIZLET എന്നീ സ്വകാര്യ വിദ്യാഭ്യാസ വെബ്‌സൈറ്റില്‍ ഉള്ളവയണ് 80% ചോദ്യങ്ങളും. ഭൂരിപക്ഷം ചോദ്യങ്ങളുടെയും ഓപ്ഷനുകള്‍ ഉള്‍പ്പടെയാണ് ചോദ്യപേപ്പറില്‍ വന്നിട്ടുള്ളത്. ഇവയുടെ ക്രമം പോലും മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇവയിലുള്ള അക്ഷരപ്പിശകുകള്‍ പോലും ചോദ്യപ്പേപ്പറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്രത്തോളം ചോദ്യങ്ങള്‍ ഇത്തരത്തില്‍ ആവര്‍ത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികൾ സംശയിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നും പുതിയ പരീക്ഷ നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

പി.ജി യോഗ്യതയുള്ള പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങളെല്ലാം പൊതുവെ താഴ്ന്ന നിലവാരമുള്ളവയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷക്കായി നല്‍കിയ സിലബസില്‍ പത്ത് ശതമാനം പോലും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കോളേജ് അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള ഈ പരീക്ഷയില്‍ നല്‍കിയ ചോദ്യങ്ങളിലുടനീളം വലിയ അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ഉണ്ട്. ഈ പരീക്ഷക്കായി വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്നതാണ് ഇതെന്നാണ് പൊതുവെയുള്ള ആക്ഷേപം.

ബ്ലോഗുകളില്‍ നിന്നും ഇന്ററാക്ടീവ് സൈറ്റുകളില്‍ നിന്നും ഈ വിധം വസ്തുനിഷ്ഠമല്ലാതെ തയ്യാറാക്കുന്ന ചോദ്യങ്ങൾ ചോര്‍ന്നിട്ടില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു. ഇതിന് മുന്‍പ് ഒരു പരീക്ഷ മാത്രമാണ് ജേണലിസം ലെക്ച്ചറര്‍ പോസ്റ്റിലേക്ക് പി.എസ്.സി നടത്തിയിട്ടുള്ളത്. കൃത്യമായ മുന്നൊരുക്കം നടത്താതെ ഈ സമയത്ത് പെട്ടെന്ന് പരീക്ഷ നടത്തിയതിലും ദുരൂഹത ഉണ്ടെന്നാണ് ആക്ഷേപം. കേരളത്തില്‍ ഒരു കേന്ദ്രം മാത്രം ഉണ്ടായിരുന്ന പരീക്ഷക്ക് മുന്നോറോളം ഉദ്യാഗാര്‍ത്ഥികളാണ് എത്തിയിരുന്നത്.

ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പി.എസ്.സി ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കി കഴിഞ്ഞു. നിലവിലെ പരീക്ഷ റദ്ദാക്കുകയും ചോദ്യം തയ്യാറാക്കിയവര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട ഒരു ജോലിയിലേക്കുള്ള പരീക്ഷയില്‍ പി.എസ്.സി എടുത്ത ഈ നിരുത്തരവാദിത്വപരമായ നിലപാടിനെതിരെ കേളത്തിലെ അക്കാദമിക്ക് രംഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മയുടെ തീരുമാനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ജേക്കബ് തോമസിന്റെ 'കാര്‍ഡുകള്‍' എവിടെ പോയെന്ന് ചെന്നിത്തല

Jan 10, 2017


mathrubhumi

1 min

വിജിലന്‍സ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ: ഹൈക്കോടതി വിശദീകരണം തേടി

Feb 21, 2018


mathrubhumi

1 min

ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനംചെയ്ത് 'ഹൈന്ദവം'

Feb 28, 2019