ജലീലിനു മേല്‍ രാജി സമ്മര്‍ദം ശക്തം; സി.പി.എം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകം


തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് മേല്‍ രാജി സമ്മര്‍ദം ശക്തമായി. തനിക്കെതിരെ പ്രതിപക്ഷ ആക്രമണം ശക്തമായ സാഹചര്യത്തില്‍ എ.കെ.ജി സെന്ററിലെത്തി ജലീല്‍ സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇതുവരെ സര്‍ക്കാരോ പാര്‍ട്ടിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്. സമാനമായ സാഹചര്യം പാര്‍ട്ടിയും നേരിട്ട സാഹചര്യത്തില്‍ മന്ത്രി ജലീലിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശം ഉണ്ടായാല്‍ മാത്രം കടുത്ത നടപടിയിലേക്ക് പോയാല്‍ മതിയെന്ന അഭിപ്രായവും നേതൃനിരയില്‍ ഉണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ജലീലിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നാണ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥയെ മന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പേഴ്‌സണല്‍
സെക്രട്ടറി തടഞ്ഞെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram